നിങ്ങൾ അവർക്ക് ഭക്ഷിപ്പാൻ കൊടുപ്പിൻ
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അഞ്ചപ്പം കൊണ്ട് അയ്യായിരം പുരുഷന്മാർ അടങ്ങുന്ന സമൂഹത്തിനെ തൃപ്തിപ്പെടുത്തിയ അത്ഭുതത്തിന്റെ വേദിയിൽ വെച്ച് യേശു ശിഷ്യന്മാരോട് പറയുന്നു “നിങ്ങൾ അവർക്ക് ഭക്ഷിപ്പാൻ കൊടുപ്പിൻ” ആ അത്ഭുതത്തിന്റെ ശേഷിപ്പായി പന്ത്രണ്ട് വൻ കുട്ടകളിൽ ശേഖരിച്ച അപ്പ കഷണങ്ങൾ നമ്മുടെ ജീവിതങ്ങളിലേക്ക് വെച്ച് തന്നിട്ട് യേശു വീണ്ടും നമ്മളോട് അത് പറയുന്നുണ്ട്. വിശക്കുന്ന മനുഷ്യന് ഭക്ഷണമായിത്തീരാൻ ദാഹിക്കുന്ന മനുഷ്യന് ദാഹനീരായി മാറാൻ നമുക്ക് കഴിയണം.




പാവപ്പെട്ട മനുഷ്യന്റെ കണ്ണീരൊപ്പാൻ ഈ ഇടവക എന്നും പ്രതിജ്ഞാബദ്ധരാണ്. ദേവലായത്തിൽ നിന്നും ചികിത്സ സഹായകങ്ങൾ അർഹതയുള്ളവർക്ക് നൽകി വരുന്നത്. അതിനായി ഇടവക ജനങ്ങൾ ഒന്നടങ്കം സഹകരിക്കുന്നത് ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു. പരിശുദ്ധ ദേവാലയത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് 150 നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം നൽകാൻ സാധിച്ചു. സ്വന്താമായി ഒരു വീടില്ലാത്ത വേദനയുമായി കഴിഞ്ഞ രണ്ടു കുടുംബങ്ങൾക്ക് സ്വപ്ന ഭവങ്ങൾ നിർമ്മിച്ച് നൽകുവാൻ സാധിച്ചു.
ഇനിയും ഒത്തിരി മനുഷ്യരുടെ വേദനകൾ നമ്മുടെ മുൻപിലുണ്ട്. എല്ലാവര്ക്കും സഹായത്തിന്റെ കരങ്ങൾ നീട്ടുവാൻ തക്കവണ്ണം എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. ഈ എളിയവരിൽ ഒരുവന് ചെയ്യുമ്പോൾ അത് എനിക്കാകുന്നു ചെയ്യുന്നത് എന്ന് നമ്മുടെ കർത്താവ് ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിൽ മിച്ചം പിടിക്കുന്നതിൽ ഒരു പങ്ക് പാവപ്പെട്ട മനുഷ്യർക്ക് നൽകാൻ സാധിക്കണം.
സാമൂഹ്യ പ്രവർത്തനങ്ങൾ
സമൂഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം സേവന സന്നദ്ധതയോടെ മുന്നിൽ ഉണ്ടാവുക എന്നത് പ്രധാനമാണ്. കേരളം വലിയ പ്രതിസന്ധികളെ നേരിട്ട വര്ഷങ്ങളാണ് കടന്നു പോയത്. വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ പലായനം ചെയ്ത് ക്യാമ്പുകളിൽ അഭയം പ്രാപിച്ച മനുഷ്യർക്ക് സഹായ ഹസ്തമാകുവാൻ ഇടവയ്ക്ക് കഴിഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലും മറ്റ് സമീപ പ്രദേശങ്ങളിലെ ക്യാമ്പുകളിലുമൊക്കെ ഭക്ഷണവും മരുന്നുകളും മറ്റ് അത്യാവശ്യ സാധന സാമഗ്രികളും എത്തിച്ചുകൊടുക്കാൻ സാധിച്ചു. അതിനായി സദാ സന്നദ്ധമായ ആംബുലൻസ് സൗകര്യം ഒരുപാട് പേർക്ക് ആശ്വാസമായി.



ലോകം മുഴുവൻ പ്രതിസന്ധിയിലായ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടിയ ഒരു സമയത്ത് യാതൊരു മടിയും കൂടാതെ അതിന് തയ്യാറായ ഇടവകയുടെ യൂത്ത് അസോസിയേഷനിലെ പ്രിയപ്പെട്ടവരേ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരുപാട് സ്ഥലങ്ങളിൽ ഇടവകയുടെ യശസ്സ് ഉയർത്തുവാൻ തക്കവണ്ണം ഈ നിസ്വാർത്ഥ സേവനങ്ങൾക്ക് കഴിഞ്ഞതിനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.


